Wednesday, November 28, 2007

റബ്ബര്‍ കാട്ടിലെ പ്രണയം










.............കബീറിന്റെ കലാലയ ജീവിതം ...................




വിരഹം എന്നും വേദനാജനകമാണ് ...മൂന്നു വര്‍ഷക്കാലത്തെ കലാലയജീവിതം ആവോളം ആസ്വദിച്ച് ഒത്തിരി ഒത്തിരി മധുര നിമിഷങ്ങളുടെ മാലപടക്കം തന്നെ തീര്ത്തു കബീര്‍ . കബീറിനെ നിങ്ങള്‍ക്കോര്‍മ്മയില്ലേ ? ഉത്തരവാദിത്തങ്ങള്‍ സ്വയം തലയിലേറ്റി അതില്‍ ആനന്ദം കണ്ടെത്തുന്ന , എല്ലാവരോടും വാതോരാതെ സംസാരിക്കുന്ന നമ്മുടെ കബീര്‍ !! കലാലയ ജീവിതത്തെ കുറിച്ച് ഓര്‍ത്തപ്പോള്‍ കബീറിന്റെ കണ്ണുകള്‍ അവനറിയാതെ തന്നെ ഈറനണിഞ്ഞു പോയി . ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത വിധം ആ സുവര്‍ണ്ണ ദിനങ്ങളും അവന്റെ കൂട്ടുകാരും അകന്നു പോയല്ലോ എന്നോര്‍ത്തായിരുന്നു അത് . കബീറിന്റെ കൊച്ചു ശരീരത്തിലെ വലിയ ഹൃദയത്തില്‍ ഉള്തിരിഞ്ഞ സൌഹൃദത്തിന് എരിവും പുളിയും നല്കി ഒരു പ്രണയമാക്കാന്‍ പാടുപെടുന്നവരാണ് അവന്റെ സുഹ്രുത്തുക്കള്‍ . പക്ഷെ അവിചാരിതവും ആകസ്മികവുമായ ഒരു പൈങ്കിളി പ്രേമത്തിന് തിരികൊളുത്താന്‍ മാത്രം വിഡ്ഢിയായിരുന്നില്ല കബീര്‍ .


എന്നും വൈകി മാത്രം ക്ലാസ്സില്‍ എത്താറുള്ള , ആകര്‍ഷകമായ രീതിയില്‍ അണിഞ്ഞൊരുങ്ങി വന്നിരുന്ന ഇന്ദുവിനെ അധികമാരും ശ്രദ്ധിച്ചിരുന്നില്ല . പക്ഷേ അവളുടെ വരവും പ്രതീക്ഷിച്ച്‌ കബീറിന്റെ കണ്ണുകള്‍ പുറത്തെ കോളേജ് വരാന്തയില്‍ കറങ്ങി തിരിയുന്നത്‌ ആരും ശ്രദ്ധിച്ചിരുന്നില്ല. അവളുടെ സംസാര ശൈലിയും പെരുമാറ്റവും ചിലപ്പോഴൊക്കെ കബീറിനെ വല്ലാതെ ആകര്‍ഷിച്ചിരുന്നു . സെക്കന്റ് സെമസ്റ്റര്‍ വിനോദ യാത്രക്ക് പോയപ്പോള്‍ കബീറും അവളും സുഹൃത്തുക്കളായി . അവര്‍ തമ്മില്‍ ദിവസവും സംസാരിച്ചു തുടങ്ങി. ആരോടും അതിരു കവിഞ്ഞ് സംസാരിക്കാത്ത ഇന്ദു പിന്നീടങ്ങോട്ട് ആക്റ്റീവ് ആയി . കബീറിന്റെ കണ്ണുകളില്‍ അനിര്‍വചനീയമായ തിളക്കം കണ്ടു തുടങ്ങി. അലസമായി അണിഞ്ഞ ഷാള്‍ ഒരു വശത്തേക്ക്‌ ഒതുക്കിയുള്ള ഇന്ദുവിന്റെ വരവ് കബീറിന്റെ മനസ്സില്‍ പ്രണയത്തിന്റെ വിത്ത് വിതച്ചുവോ ??? കബീറിന്റെ സുഹൃത്തുക്കളില്‍ പലരുടെയും സംശയമായിരുന്നു ഇത്‌ .ഒരു ദിവസം അവളുടെ കൂട്ടുകാരി രേഖ കബീറിനോട് ചോദിച്ചു " എടാ ചെക്കാ , നീ ശരിക്കും ഇന്ദുവിനെ പ്രേമിക്കുകയല്ലേ ? " അല്ല എന്ന് അവന്‍ പറഞൊഴിഞ്ഞെങ്കിലും കബീറിന്റെ ഉള്ളിലും ചില ചോദ്യങ്ങള്‍ ഉയര്ന്നു വന്നു " എന്തു കൊണ്ടായിരിക്കും രേഖ അങ്ങിനെ ചോദിച്ചത് ? ഇനി താനറിയാതെ തന്റെ ഉള്ളം അവളെ പ്രണയിക്കുന്നുണ്ടോ ? അതോ ഇന്ദുവിന് അങ്ങിനെ വല്ലതും തോന്നിയോ ? " പക്ഷേ ഈ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം കണ്ടെത്താന്‍ കബീര്‍ തുനിഞ്ഞിറങ്ങിയില്ല .


പക്ഷേ കൂട്ടുകാരുടെ സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കുമൊന്നും കബീറിനെ അവളില്‍ നിന്നും അകറ്റി നിര്‍ത്തിയില്ല . അവരുടെ സൌഹൃദത്തിന്ന് പഴയതിലും കൂടുതല്‍ ദൃഡത കൈവന്നുകൊണ്ടിരുന്നു . പിന്നീടങ്ങോട്ട് കബീറിന്റെ സയാഹ്നങ്ങള്‍ക്ക് പുതിയ രൂപവും ഭാവവും കൈവന്നു . അവന്‍ ഇന്ദുവില്‍ മാത്രം ഒതുങ്ങുകയായിരുന്നോ? ? ക്ലാസ്സ് കഴിഞ്ഞു ഇന്ദു വീട്ടിലേക്ക് തിരിക്കുമ്പോള്‍ അല്പ ദൂരം കബീറും കൂടെ കാണും. കബീറിന്റെ മനം ഒരു മഴക്ക് വേണ്ടി കൊതിച്ചു കാണും...ഒന്നിച്ച് ഒരു കുടക്കീഴില്‍ നീങ്ങാന്‍ ഒരു ചാറ്റല്‍ മഴയെങ്കിലും...അതെ...മഴക്കാലമാണെങ്കില്‍ ഒരു കുടക്കീഴില്‍ അവരെ കാണാന്‍ കഴിയുമായിരുന്നു. അതുകൊണ്ടാകാം കബീറിന്റെ ഉറ്റ സുഹൃത്ത് അജയന്‍ പോലും അവനെ തെറ്റിദ്ധരിച്ചത്. ഒരുദിവസം രാത്രി അജയന്‍ ഇന്ദുവിന്റെ പേരില്‍ കബീറുമായി പിണങ്ങി. അജയനും ഇന്ദുവിനെ ഇഷ്ടമായിരുന്നോ ആവോ?? അങ്ങനെയെങ്കില്‍ കബീറാണ് തന്റെ മുന്നിലെ പ്രധാന വില്ലന്‍ എന്ന് അവന് തോന്നിയിരിക്കാം...


ഇന്ദുവിന്റെ സൌഹൃദത്തിന്റെ വേരുകള്‍ വ്യാപിച്ചു. പുതിയ സൌഹൃദങ്ങള്‍ , പുതിയ ചിന്തകള്‍ , അവളുടെ മനസ്സിലെ കാമുകന്റെ രൂപത്തിന് കബീറുമായി ഒരുതരി സാമ്യം പോലുമുണ്ടായിരുന്നില്ല . ഇതിലും ഭേദം "അജഗജാന്തരം" എന്ന് പറയുന്നതാവും ഉത്തമം. പക്ഷേ ഇന്ദു കബീറില്‍ നല്ലൊരു സുഹൃത്തിനെ കണ്ടെത്തി കഴിഞ്ഞിരുന്നു. കബീറും അവളില്‍ എന്തും തുറന്നു പറയാവുന്ന ഒരു സുഹൃത്തിനെ കണ്ടെത്തിയിരുന്നു . അവന്റെ സമീപനവും വളരെ പക്വതയാര്ന്നതായിരുന്നു. യാതൊരു പരിഭവവും കൂടാതെ കലാലയ ജീവിതത്തിന്‌ വിരാമാമിടുമ്പോള്‍ കബീറിന്റെ മനസ്സില്‍ നിറയെ കലാലയം തനിക്ക് സമ്മാനിച്ച സുഹൃത്ത് ബന്ധങ്ങളും സുന്ദര മുഹൂര്‍ത്തങ്ങളുമായിരുന്നു...


ഇന്ദു ഇന്നു വിവാഹിതയാണ്. അവള്‍ കൊതിച്ച , സ്വപ്നം കണ്ട പയ്യന്‍ തന്നെയാവട്ടെ എന്നാശംസിക്കുന്നു. കബീറും അതിസന്തോഷവനാണ്. താനും ഇന്ദുവും തമ്മില്‍ പച്ചയായ സൌഹൃദം മാത്രമായിരുന്നു , അത് ഇന്നും നിലനില്ക്കുന്നു എന്നശ്വാസത്തോടെ ജീവിതത്തിന്റെ പുതിയ വഴികള്‍ തേടുകയാണ്‌ .


..................പൊലിഞ്ഞു പോയ ഒരു പ്രണയം ......................
.
പ്രണയം ആരും കൊതിച്ചു പോകുന്ന ഒരനുഭൂതിയാണ് . ആവോളം നുകരാന്‍ യോജ്യമായ ഇടമോ? കലാലയവും. അതുകൊണ്ടായിരുന്നോ എന്തോ എന്നറിയില്ല ഭദ്രന് തന്റെ മനസ്സിലെ മോഹങ്ങള്‍ നീലിമ ജോസേഫിനോട് തുറന്നു പറയാന്‍ ഇത്ര തിടുക്കം . നീലിമ , കാണാന്‍ തരക്കേടില്ലാത്ത കൊച്ച് , " വാളെടുത്തവര്‍ എല്ലാം വെളിച്ചപ്പാടാണ് " എന്ന ചിന്താഗതിക്കാരനാണ് ഭദ്രന്‍ . പാവം , ശുദ്ധന്‍ . അവര്‍ തമ്മില്‍ കണ്ടിട്ട് ഒന്നോ രണ്ടോ മാസം തികയുന്നത്തെ ഉണ്ടായിരുന്നൊള്ളൂ . ചുരുങ്ങിയ ആ സമയത്തിനുള്ളില്‍ തന്നെ അവര്‍ നല്ല സുഹൃത്തുക്കളായി. പിന്നീടങ്ങോട്ട് ഭദ്രന്‍ ടൌണില്‍ നിന്നും കോളേജ് ഹോസ്റ്റലിലേക്ക് വരുമ്പോള്‍ 7th mile ഇറങ്ങി കോളേജ് സ്റ്റോപ്പ് വരെ നടക്കുകയായിരുന്നു പതിവ് . ഭദ്രന്‍ Moring Walkനോ Evening Walkനോ ഇറങ്ങിയതല്ല , കാരണം ആ വഴിക്കാണ് നീലിമ താമസിക്കുന്ന ഹോസ്റ്റല്‍ . ഭദ്രന്‍ നടന്ന് നീലിമയുടെ ഹോസ്റ്റെലിന്നു മുന്നില്‍ എത്തിയാല്‍ രാഷ്ട്രീയക്കാര്‍ ഒരു മിനുട്ട് മൌനം ആചരിക്കുന്നത്‌ പോലെ കണ്ണുകള്‍ ഹോസ്റ്റെലിനെ തന്നെ ലക്ഷ്യം വെച്ചു മൌനമായി നില്ക്കും. അവസാനം ഒരു ദീര്‍ഘനിശ്വാസത്തോടുകൂടി കോളേജ് ലക്ഷ്യമാക്കി വീണ്ടും നടക്കും. അങ്ങനെയിരിക്കെ ഉള്ളിലുള്ള പ്രണയം തുറന്നു പറയാന്‍ ഭദ്രന് ദൃതിയായി. എന്തായാലും അവന്‍ തിരഞ്ഞെടുത്ത റൊമാന്‍സ് ലൊക്കേഷന്‍ കൊള്ളാം . ഒരു റെയില്‍വേ സ്റ്റേഷന്‍ !! ക്രിസ്ത്മസ് അവധിക്ക് വീട്ടിലേക്ക് പോകുകയായിരുന്നു അജയനും കബീറും ഷനോജും ഭദ്രനുമൊക്കെ .. "ഞാന്‍ കുറച്ചു നേരത്തെ ഇറങ്ങുകയാണ് ഒരാള്‍ സ്റ്റേഷനില്‍ കാത്തു നില്ക്കും " എന്ന് പറഞ്ഞ് ഭദ്രന്‍ മൂന്നു മണിക്കൂര്‍ മുന്പേ ഇറങ്ങി .. രാത്രി വണ്ടിക്ക് ഇത്ര നേരത്തെയോ ??? അജയന് ചെറിയ അമ്പരപ്പ് തോന്നാതിരുന്നില്ല .
.
കബീറും അജയനും സ്റ്റേഷനിലെത്തി . പ്ലാറ്റ് ഫോമില്‍ അങ്ങോട്ടുമിങ്ങോട്ടും ഭദ്രനെ തിരഞ്ഞു നടന്നു. ഒടുവില്‍ അരണ്ട വെളിച്ചമുള്ള ഒരിടത്ത്‌ ഭദ്രന്‍ തല താഴ്ത്തി ഇരിക്കുന്നു. നീലിമ കുറച്ചു പാടുപ്പെട്ടാണെങ്കിലും ചുണ്ടില്‍ ഒരു ചെറു ചിരി വിരിയിച്ചെടുത്തു ..നടന്ന സംഭവങ്ങള്‍ കബീറും അജയനും അവര്‍ ഇരുവരുടെയും മുഖങ്ങളില്‍ നിന്ന് ഇങ്ങനെ വായിച്ചെടുത്തു .
.
ഭദ്രന്‍ : ഞാന്‍ എങ്ങനെ പറയും എന്നെനിക്കറിയില്ല ...എന്നാലും.... എനിക്ക് ഒരു കാര്യം പറയാനുണ്ട് .
നീലിമ : എന്താ ഭദ്രാ ? എന്തു കോപ്പാണെങ്കിലും നീ പറയ്‌ ...
ഭദ്രന്‍ : എനിക്ക് നീലിമയെ ഇഷ്ടമാണ് . തുറന്നു പറയാന്‍ ഇതാണവസരം എന്ന് തോന്നി .
നീലിമ : നീ സീരിയസ് ആണോ ? . . . . . ഞാന്‍ എന്റെ വിദൂര ചിന്തകളില്‍ പോലും കരുതിയിട്ടില്ല . എന്നെ കണ്ട് വളരുന്ന രണ്ട് സഹോദരിമാരുണ്ടെനിക്ക് . നീ എന്താ ഇങ്ങനെ ? ഞാന്‍ നിന്നെ അങ്ങിനെ അല്ല കാണുന്നെ .
ഭദ്രന്‍ : സോറി , നമുക്കു ആ വിഷയം വിടാം .
.
.
അവധി കഴിഞ്ഞു ക്ലാസ്സിലെത്തിയ ഇരുവരുടെയും ഇടയില്‍ മൌനം തടം കെട്ടി നിന്നു . ക്ലാസ്സില്‍ എല്ലാവരും അറിഞ്ഞു , ഒരു പ്രണയ നൊമ്പരത്തിന്റെ കഥ . അജയനും കബീറും കഥയ്ക്ക് അല്‍പ്പം പൊടിപ്പും തൊങ്ങലും ചേര്‍ത്തു .. ഭദ്രന്‍ പിന്നീട് സീനത്തിനോടായിരുന്നു സൌഹൃദം . ഭദ്രന് സീനത്തിനോടും തോന്നിയോ ചെറിയ ഒരടുപ്പം ?? ഏയ് ..ഇല്ലായിരിക്കും ...ഭദ്രന് ഒന്നില്‍ അഭിമാനിക്കാം ..കോളേജ് ക്രിക്കറ്റ് , ഫുട്ബോള്‍ ടീമിന്റെ പ്രഥമ താരം എന്നതിലൂടെയും ഹെയര്‍ Styleലൂടെയും കോളേജിലെ അറിയപ്പെടുന്ന ഒരേ ഒരാള്‍ എന്നത് അവന് മാത്രം സ്വന്തമാണ്. ചില വേളകളില്‍ ഭദ്രന്‍ തന്റെ മനസ്സിനെ തന്നെ ഇങ്ങനെ വിശ്വസിപ്പിച്ചെടുത്തു " അവള്ക്ക് വേറെ വല്ല ലൈനും കാണുമായിരിക്കും " എന്തൊക്കെയായാലും അവസാന ക്ലാസ്സുകളില്‍ തങ്ങള്‍ക്കിടയില്‍ നിലനിന്ന മൌനത്തെ ...അകത്തി അവര്‍ സുഹൃത്തുക്കളായി തന്നെ പിരിഞ്ഞുട്ടുണ്ടാവും .
.
നീലിമ ഇന്ന് വളരെ ഉയരത്തിലാണ് , ജന്മസിദ്ധമായി കിട്ടിയ തന്റേടത്തോടെ .....ഭദ്രന്‍ അണിയറക്ക് പിന്നിലാണ് , ആര്ക്കും പിടി കൊടുക്കാതെ . . . .

[ ഈ കഥയിലെ കഥാപാത്രങ്ങള്‍ക്ക് ജീവിക്കുന്നവരുമായി സാദൃശ്യം തോന്നിയിട്ടുണ്ടെങ്കില്‍ അത് യാദൃശ്ചികം മാത്രമാണ്... :) ]





Tuesday, November 13, 2007

ദിശ നഷ്ടപെട്ട നൌക...

ഇനിയും.....കീഴടങ്ങാന്‍ മനസ്സു വരാത്ത യൌവ്വനം,
വ്യര്‍ഥമീ യാത്രകള്‍ എന്നറിഞ്ഞിട്ടും...
ഇനിയും മരിക്കാത്ത ചിന്തകള്‍
എന്നെ എങ്ങോട്ടോ കൊണ്ടുപോകുന്നു
ദിശ നഷ്ടപെട്ട നൌകയെ പോലെ
അലക്ഷ്യമായി ഒഴുകുന്നു എന്റെ
ജീവിതം ....