Wednesday, November 28, 2007

റബ്ബര്‍ കാട്ടിലെ പ്രണയം










.............കബീറിന്റെ കലാലയ ജീവിതം ...................




വിരഹം എന്നും വേദനാജനകമാണ് ...മൂന്നു വര്‍ഷക്കാലത്തെ കലാലയജീവിതം ആവോളം ആസ്വദിച്ച് ഒത്തിരി ഒത്തിരി മധുര നിമിഷങ്ങളുടെ മാലപടക്കം തന്നെ തീര്ത്തു കബീര്‍ . കബീറിനെ നിങ്ങള്‍ക്കോര്‍മ്മയില്ലേ ? ഉത്തരവാദിത്തങ്ങള്‍ സ്വയം തലയിലേറ്റി അതില്‍ ആനന്ദം കണ്ടെത്തുന്ന , എല്ലാവരോടും വാതോരാതെ സംസാരിക്കുന്ന നമ്മുടെ കബീര്‍ !! കലാലയ ജീവിതത്തെ കുറിച്ച് ഓര്‍ത്തപ്പോള്‍ കബീറിന്റെ കണ്ണുകള്‍ അവനറിയാതെ തന്നെ ഈറനണിഞ്ഞു പോയി . ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത വിധം ആ സുവര്‍ണ്ണ ദിനങ്ങളും അവന്റെ കൂട്ടുകാരും അകന്നു പോയല്ലോ എന്നോര്‍ത്തായിരുന്നു അത് . കബീറിന്റെ കൊച്ചു ശരീരത്തിലെ വലിയ ഹൃദയത്തില്‍ ഉള്തിരിഞ്ഞ സൌഹൃദത്തിന് എരിവും പുളിയും നല്കി ഒരു പ്രണയമാക്കാന്‍ പാടുപെടുന്നവരാണ് അവന്റെ സുഹ്രുത്തുക്കള്‍ . പക്ഷെ അവിചാരിതവും ആകസ്മികവുമായ ഒരു പൈങ്കിളി പ്രേമത്തിന് തിരികൊളുത്താന്‍ മാത്രം വിഡ്ഢിയായിരുന്നില്ല കബീര്‍ .


എന്നും വൈകി മാത്രം ക്ലാസ്സില്‍ എത്താറുള്ള , ആകര്‍ഷകമായ രീതിയില്‍ അണിഞ്ഞൊരുങ്ങി വന്നിരുന്ന ഇന്ദുവിനെ അധികമാരും ശ്രദ്ധിച്ചിരുന്നില്ല . പക്ഷേ അവളുടെ വരവും പ്രതീക്ഷിച്ച്‌ കബീറിന്റെ കണ്ണുകള്‍ പുറത്തെ കോളേജ് വരാന്തയില്‍ കറങ്ങി തിരിയുന്നത്‌ ആരും ശ്രദ്ധിച്ചിരുന്നില്ല. അവളുടെ സംസാര ശൈലിയും പെരുമാറ്റവും ചിലപ്പോഴൊക്കെ കബീറിനെ വല്ലാതെ ആകര്‍ഷിച്ചിരുന്നു . സെക്കന്റ് സെമസ്റ്റര്‍ വിനോദ യാത്രക്ക് പോയപ്പോള്‍ കബീറും അവളും സുഹൃത്തുക്കളായി . അവര്‍ തമ്മില്‍ ദിവസവും സംസാരിച്ചു തുടങ്ങി. ആരോടും അതിരു കവിഞ്ഞ് സംസാരിക്കാത്ത ഇന്ദു പിന്നീടങ്ങോട്ട് ആക്റ്റീവ് ആയി . കബീറിന്റെ കണ്ണുകളില്‍ അനിര്‍വചനീയമായ തിളക്കം കണ്ടു തുടങ്ങി. അലസമായി അണിഞ്ഞ ഷാള്‍ ഒരു വശത്തേക്ക്‌ ഒതുക്കിയുള്ള ഇന്ദുവിന്റെ വരവ് കബീറിന്റെ മനസ്സില്‍ പ്രണയത്തിന്റെ വിത്ത് വിതച്ചുവോ ??? കബീറിന്റെ സുഹൃത്തുക്കളില്‍ പലരുടെയും സംശയമായിരുന്നു ഇത്‌ .ഒരു ദിവസം അവളുടെ കൂട്ടുകാരി രേഖ കബീറിനോട് ചോദിച്ചു " എടാ ചെക്കാ , നീ ശരിക്കും ഇന്ദുവിനെ പ്രേമിക്കുകയല്ലേ ? " അല്ല എന്ന് അവന്‍ പറഞൊഴിഞ്ഞെങ്കിലും കബീറിന്റെ ഉള്ളിലും ചില ചോദ്യങ്ങള്‍ ഉയര്ന്നു വന്നു " എന്തു കൊണ്ടായിരിക്കും രേഖ അങ്ങിനെ ചോദിച്ചത് ? ഇനി താനറിയാതെ തന്റെ ഉള്ളം അവളെ പ്രണയിക്കുന്നുണ്ടോ ? അതോ ഇന്ദുവിന് അങ്ങിനെ വല്ലതും തോന്നിയോ ? " പക്ഷേ ഈ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം കണ്ടെത്താന്‍ കബീര്‍ തുനിഞ്ഞിറങ്ങിയില്ല .


പക്ഷേ കൂട്ടുകാരുടെ സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കുമൊന്നും കബീറിനെ അവളില്‍ നിന്നും അകറ്റി നിര്‍ത്തിയില്ല . അവരുടെ സൌഹൃദത്തിന്ന് പഴയതിലും കൂടുതല്‍ ദൃഡത കൈവന്നുകൊണ്ടിരുന്നു . പിന്നീടങ്ങോട്ട് കബീറിന്റെ സയാഹ്നങ്ങള്‍ക്ക് പുതിയ രൂപവും ഭാവവും കൈവന്നു . അവന്‍ ഇന്ദുവില്‍ മാത്രം ഒതുങ്ങുകയായിരുന്നോ? ? ക്ലാസ്സ് കഴിഞ്ഞു ഇന്ദു വീട്ടിലേക്ക് തിരിക്കുമ്പോള്‍ അല്പ ദൂരം കബീറും കൂടെ കാണും. കബീറിന്റെ മനം ഒരു മഴക്ക് വേണ്ടി കൊതിച്ചു കാണും...ഒന്നിച്ച് ഒരു കുടക്കീഴില്‍ നീങ്ങാന്‍ ഒരു ചാറ്റല്‍ മഴയെങ്കിലും...അതെ...മഴക്കാലമാണെങ്കില്‍ ഒരു കുടക്കീഴില്‍ അവരെ കാണാന്‍ കഴിയുമായിരുന്നു. അതുകൊണ്ടാകാം കബീറിന്റെ ഉറ്റ സുഹൃത്ത് അജയന്‍ പോലും അവനെ തെറ്റിദ്ധരിച്ചത്. ഒരുദിവസം രാത്രി അജയന്‍ ഇന്ദുവിന്റെ പേരില്‍ കബീറുമായി പിണങ്ങി. അജയനും ഇന്ദുവിനെ ഇഷ്ടമായിരുന്നോ ആവോ?? അങ്ങനെയെങ്കില്‍ കബീറാണ് തന്റെ മുന്നിലെ പ്രധാന വില്ലന്‍ എന്ന് അവന് തോന്നിയിരിക്കാം...


ഇന്ദുവിന്റെ സൌഹൃദത്തിന്റെ വേരുകള്‍ വ്യാപിച്ചു. പുതിയ സൌഹൃദങ്ങള്‍ , പുതിയ ചിന്തകള്‍ , അവളുടെ മനസ്സിലെ കാമുകന്റെ രൂപത്തിന് കബീറുമായി ഒരുതരി സാമ്യം പോലുമുണ്ടായിരുന്നില്ല . ഇതിലും ഭേദം "അജഗജാന്തരം" എന്ന് പറയുന്നതാവും ഉത്തമം. പക്ഷേ ഇന്ദു കബീറില്‍ നല്ലൊരു സുഹൃത്തിനെ കണ്ടെത്തി കഴിഞ്ഞിരുന്നു. കബീറും അവളില്‍ എന്തും തുറന്നു പറയാവുന്ന ഒരു സുഹൃത്തിനെ കണ്ടെത്തിയിരുന്നു . അവന്റെ സമീപനവും വളരെ പക്വതയാര്ന്നതായിരുന്നു. യാതൊരു പരിഭവവും കൂടാതെ കലാലയ ജീവിതത്തിന്‌ വിരാമാമിടുമ്പോള്‍ കബീറിന്റെ മനസ്സില്‍ നിറയെ കലാലയം തനിക്ക് സമ്മാനിച്ച സുഹൃത്ത് ബന്ധങ്ങളും സുന്ദര മുഹൂര്‍ത്തങ്ങളുമായിരുന്നു...


ഇന്ദു ഇന്നു വിവാഹിതയാണ്. അവള്‍ കൊതിച്ച , സ്വപ്നം കണ്ട പയ്യന്‍ തന്നെയാവട്ടെ എന്നാശംസിക്കുന്നു. കബീറും അതിസന്തോഷവനാണ്. താനും ഇന്ദുവും തമ്മില്‍ പച്ചയായ സൌഹൃദം മാത്രമായിരുന്നു , അത് ഇന്നും നിലനില്ക്കുന്നു എന്നശ്വാസത്തോടെ ജീവിതത്തിന്റെ പുതിയ വഴികള്‍ തേടുകയാണ്‌ .


..................പൊലിഞ്ഞു പോയ ഒരു പ്രണയം ......................
.
പ്രണയം ആരും കൊതിച്ചു പോകുന്ന ഒരനുഭൂതിയാണ് . ആവോളം നുകരാന്‍ യോജ്യമായ ഇടമോ? കലാലയവും. അതുകൊണ്ടായിരുന്നോ എന്തോ എന്നറിയില്ല ഭദ്രന് തന്റെ മനസ്സിലെ മോഹങ്ങള്‍ നീലിമ ജോസേഫിനോട് തുറന്നു പറയാന്‍ ഇത്ര തിടുക്കം . നീലിമ , കാണാന്‍ തരക്കേടില്ലാത്ത കൊച്ച് , " വാളെടുത്തവര്‍ എല്ലാം വെളിച്ചപ്പാടാണ് " എന്ന ചിന്താഗതിക്കാരനാണ് ഭദ്രന്‍ . പാവം , ശുദ്ധന്‍ . അവര്‍ തമ്മില്‍ കണ്ടിട്ട് ഒന്നോ രണ്ടോ മാസം തികയുന്നത്തെ ഉണ്ടായിരുന്നൊള്ളൂ . ചുരുങ്ങിയ ആ സമയത്തിനുള്ളില്‍ തന്നെ അവര്‍ നല്ല സുഹൃത്തുക്കളായി. പിന്നീടങ്ങോട്ട് ഭദ്രന്‍ ടൌണില്‍ നിന്നും കോളേജ് ഹോസ്റ്റലിലേക്ക് വരുമ്പോള്‍ 7th mile ഇറങ്ങി കോളേജ് സ്റ്റോപ്പ് വരെ നടക്കുകയായിരുന്നു പതിവ് . ഭദ്രന്‍ Moring Walkനോ Evening Walkനോ ഇറങ്ങിയതല്ല , കാരണം ആ വഴിക്കാണ് നീലിമ താമസിക്കുന്ന ഹോസ്റ്റല്‍ . ഭദ്രന്‍ നടന്ന് നീലിമയുടെ ഹോസ്റ്റെലിന്നു മുന്നില്‍ എത്തിയാല്‍ രാഷ്ട്രീയക്കാര്‍ ഒരു മിനുട്ട് മൌനം ആചരിക്കുന്നത്‌ പോലെ കണ്ണുകള്‍ ഹോസ്റ്റെലിനെ തന്നെ ലക്ഷ്യം വെച്ചു മൌനമായി നില്ക്കും. അവസാനം ഒരു ദീര്‍ഘനിശ്വാസത്തോടുകൂടി കോളേജ് ലക്ഷ്യമാക്കി വീണ്ടും നടക്കും. അങ്ങനെയിരിക്കെ ഉള്ളിലുള്ള പ്രണയം തുറന്നു പറയാന്‍ ഭദ്രന് ദൃതിയായി. എന്തായാലും അവന്‍ തിരഞ്ഞെടുത്ത റൊമാന്‍സ് ലൊക്കേഷന്‍ കൊള്ളാം . ഒരു റെയില്‍വേ സ്റ്റേഷന്‍ !! ക്രിസ്ത്മസ് അവധിക്ക് വീട്ടിലേക്ക് പോകുകയായിരുന്നു അജയനും കബീറും ഷനോജും ഭദ്രനുമൊക്കെ .. "ഞാന്‍ കുറച്ചു നേരത്തെ ഇറങ്ങുകയാണ് ഒരാള്‍ സ്റ്റേഷനില്‍ കാത്തു നില്ക്കും " എന്ന് പറഞ്ഞ് ഭദ്രന്‍ മൂന്നു മണിക്കൂര്‍ മുന്പേ ഇറങ്ങി .. രാത്രി വണ്ടിക്ക് ഇത്ര നേരത്തെയോ ??? അജയന് ചെറിയ അമ്പരപ്പ് തോന്നാതിരുന്നില്ല .
.
കബീറും അജയനും സ്റ്റേഷനിലെത്തി . പ്ലാറ്റ് ഫോമില്‍ അങ്ങോട്ടുമിങ്ങോട്ടും ഭദ്രനെ തിരഞ്ഞു നടന്നു. ഒടുവില്‍ അരണ്ട വെളിച്ചമുള്ള ഒരിടത്ത്‌ ഭദ്രന്‍ തല താഴ്ത്തി ഇരിക്കുന്നു. നീലിമ കുറച്ചു പാടുപ്പെട്ടാണെങ്കിലും ചുണ്ടില്‍ ഒരു ചെറു ചിരി വിരിയിച്ചെടുത്തു ..നടന്ന സംഭവങ്ങള്‍ കബീറും അജയനും അവര്‍ ഇരുവരുടെയും മുഖങ്ങളില്‍ നിന്ന് ഇങ്ങനെ വായിച്ചെടുത്തു .
.
ഭദ്രന്‍ : ഞാന്‍ എങ്ങനെ പറയും എന്നെനിക്കറിയില്ല ...എന്നാലും.... എനിക്ക് ഒരു കാര്യം പറയാനുണ്ട് .
നീലിമ : എന്താ ഭദ്രാ ? എന്തു കോപ്പാണെങ്കിലും നീ പറയ്‌ ...
ഭദ്രന്‍ : എനിക്ക് നീലിമയെ ഇഷ്ടമാണ് . തുറന്നു പറയാന്‍ ഇതാണവസരം എന്ന് തോന്നി .
നീലിമ : നീ സീരിയസ് ആണോ ? . . . . . ഞാന്‍ എന്റെ വിദൂര ചിന്തകളില്‍ പോലും കരുതിയിട്ടില്ല . എന്നെ കണ്ട് വളരുന്ന രണ്ട് സഹോദരിമാരുണ്ടെനിക്ക് . നീ എന്താ ഇങ്ങനെ ? ഞാന്‍ നിന്നെ അങ്ങിനെ അല്ല കാണുന്നെ .
ഭദ്രന്‍ : സോറി , നമുക്കു ആ വിഷയം വിടാം .
.
.
അവധി കഴിഞ്ഞു ക്ലാസ്സിലെത്തിയ ഇരുവരുടെയും ഇടയില്‍ മൌനം തടം കെട്ടി നിന്നു . ക്ലാസ്സില്‍ എല്ലാവരും അറിഞ്ഞു , ഒരു പ്രണയ നൊമ്പരത്തിന്റെ കഥ . അജയനും കബീറും കഥയ്ക്ക് അല്‍പ്പം പൊടിപ്പും തൊങ്ങലും ചേര്‍ത്തു .. ഭദ്രന്‍ പിന്നീട് സീനത്തിനോടായിരുന്നു സൌഹൃദം . ഭദ്രന് സീനത്തിനോടും തോന്നിയോ ചെറിയ ഒരടുപ്പം ?? ഏയ് ..ഇല്ലായിരിക്കും ...ഭദ്രന് ഒന്നില്‍ അഭിമാനിക്കാം ..കോളേജ് ക്രിക്കറ്റ് , ഫുട്ബോള്‍ ടീമിന്റെ പ്രഥമ താരം എന്നതിലൂടെയും ഹെയര്‍ Styleലൂടെയും കോളേജിലെ അറിയപ്പെടുന്ന ഒരേ ഒരാള്‍ എന്നത് അവന് മാത്രം സ്വന്തമാണ്. ചില വേളകളില്‍ ഭദ്രന്‍ തന്റെ മനസ്സിനെ തന്നെ ഇങ്ങനെ വിശ്വസിപ്പിച്ചെടുത്തു " അവള്ക്ക് വേറെ വല്ല ലൈനും കാണുമായിരിക്കും " എന്തൊക്കെയായാലും അവസാന ക്ലാസ്സുകളില്‍ തങ്ങള്‍ക്കിടയില്‍ നിലനിന്ന മൌനത്തെ ...അകത്തി അവര്‍ സുഹൃത്തുക്കളായി തന്നെ പിരിഞ്ഞുട്ടുണ്ടാവും .
.
നീലിമ ഇന്ന് വളരെ ഉയരത്തിലാണ് , ജന്മസിദ്ധമായി കിട്ടിയ തന്റേടത്തോടെ .....ഭദ്രന്‍ അണിയറക്ക് പിന്നിലാണ് , ആര്ക്കും പിടി കൊടുക്കാതെ . . . .

[ ഈ കഥയിലെ കഥാപാത്രങ്ങള്‍ക്ക് ജീവിക്കുന്നവരുമായി സാദൃശ്യം തോന്നിയിട്ടുണ്ടെങ്കില്‍ അത് യാദൃശ്ചികം മാത്രമാണ്... :) ]





Tuesday, November 13, 2007

ദിശ നഷ്ടപെട്ട നൌക...

ഇനിയും.....കീഴടങ്ങാന്‍ മനസ്സു വരാത്ത യൌവ്വനം,
വ്യര്‍ഥമീ യാത്രകള്‍ എന്നറിഞ്ഞിട്ടും...
ഇനിയും മരിക്കാത്ത ചിന്തകള്‍
എന്നെ എങ്ങോട്ടോ കൊണ്ടുപോകുന്നു
ദിശ നഷ്ടപെട്ട നൌകയെ പോലെ
അലക്ഷ്യമായി ഒഴുകുന്നു എന്റെ
ജീവിതം ....

Friday, October 26, 2007

മത്തായിയുടെ മന്ദത

ആദ്യമേ തന്നെ ഞങ്ങളുടെ ഹോസ്റ്റലിലെ പ്രധാന കഥാപാത്രങ്ങളെ പരിചയപ്പെടുത്താം..
പച്ചാളം ഭാസി വയനാട്
മത്തായി വയനാട്
പുഞ്ചിരി കണ്ണൂര്‍
ചാത്തന്‍ കൊല്ലം
പുട്ട് തിരുവനന്തപുരം
പൊതുവാള്‍ തിരുനാവായ

ഇവരില്‍ മത്തായി വളരെ വ്യത്യസ്തനാണ്...
ഹോസ്റ്റലിലെ എന്റെ ഇഷ്ട കഥാപാത്രങ്ങളില്‍ ഒരാള്‍ ...
ഞങ്ങളുടെ ഹോസ്റ്റലിലെ മന്ദതയുടെ പര്യായം....അവന്‍ പുലര്‍ച്ചെ എഴുന്നേല്‍ക്കും..കുളി ഇദ്ദേഹത്തിന് അലര്‍ജി ആണെന്ന് തോന്നുന്നു. അതുകൊണ്ട് തന്നെ അവന്റെ മുടി സായിബാബയെ ഓര്‍മ്മപ്പെടുത്തും...ഫാഷനില്‍ വലിയ താത്പര്യം ഇല്ല ... കൂട്ടുകാര്‍ ഇവന് നല്ലൊരു വിളിപ്പേരു നല്കി " മന്ദന്‍ "..ചരിത്രത്തിലാദ്യമായി പെണ്‍കുട്ടികളാല്‍ റാഗ് ചെയ്യപ്പെട്ട ഒരേ ഒരു വ്യക്തി ഒരുപക്ഷെ നമ്മുടെ കോളേജില്‍ മത്തായിയായിരിക്കും ...മറ്റുള്ളവരെല്ലാം പ്രേമിച്ച്ചും പഞാരയടിച്ചും നടക്കുമ്പോള്‍ അതില്‍ ഒന്നും പെടാതെ മത്തായി അവന്റേതായ ലോകത്ത് കറങ്ങി നടക്കും..ബോംബെയില്‍ നിന്നു കേരളത്തില്‍ പഠിക്കാന്‍ വന്ന ഒരു പെണ്കുട്ടി മത്തായിയെ ഒന്ന് നോട്ടമിട്ടതാ , പക്ഷെ മത്തായി തിരിഞ്ഞു നോക്കിയത്‌ പോലുമില്ല.. കാരണം പ്രേമം,പഞ്ചാരയടി എന്നത് മത്തായിക്ക്‌ ഇഷ്ടമല്ല... (പിന്നീട് അവളെ കോളേജിലെ തന്നെ ഏറ്റവും നീളമുള്ള ഒരു പയ്യന്‍ നോട്ടമിട്ടെന്നും ഇല്ലെന്നും ഉള്ള പല ന്യൂസുകളും കേട്ടു!!!,എന്തായാലും മത്തായി രക്ഷപ്പെട്ടു).. എങ്കിലും മത്തായി വായ്നോട്ടത്തിന് ഒരു കുറവും കൊടുത്തില്ലായിരുന്നു...കൂട്ടുകാര്‍ എല്ലാവരും അവനെ നല്ല ബുദ്ധിമാനായാണ് ചിത്രീകരിക്കുന്നത്..അല്ല...വാസ്തവത്തില്‍ അത് അങ്ങനെ തന്നെ.ബുദ്ധിമാനാണെങ്കിലും മന്ദത മത്തായിയുടെ കൂടപ്പിറപ്പായിരുന്നു .ചിലപ്പോള്‍ അത് കൊണ്ടാവാം മത്തായി ബസ്സ് കിട്ടിയില്ല എന്ന് പറഞ്ഞ് ഇന്‍ഫോസിസ് ടെസ്റ്റ് എഴുതാതെ തിരിച്ചു പോന്നത്...പക്ഷെ അന്നത്തെ അലസത മത്തായിയെ ഇന്ന് ഈ സ്ഥിതിയില്‍ എത്തിക്കുമെന്ന് അധികമാരും കരുതിക്കാണില്ല..

മത്തായി ഇന്ന് എവിടെയാണന്നല്ലേ ???


ബുദ്ധിമാനായ മത്തായി ഇന്നൊരു കുടുക്കില്‍ പെട്ടിരിക്കുകയാണ്... ഏതോ രണ്ടു മലയാളികള്‍ ചേര്‍ന്നാരംഭിച്ച ഏത് സമയവും പൂട്ടാം എന്ന അവസ്ഥയിലുള്ള കമ്പനിയുടെ പ്രൊജക്റ്റ് മാനേജര്‍ ആണ്..ശമ്പളം എന്നെങ്കിലും കിട്ടിയാല്‍ ആയി..പക്ഷേ പുള്ളി, തനിക്ക് ജന്മ സിദ്ധമായി കിട്ടിയ മന്ദത ഉപേക്ഷിക്കാന്‍ തയ്യാറല്ല കേട്ടോ!! നല്ല ഒരു ഓഫര്‍ മത്തായിക്ക്‌ വേറെ കിട്ടിയതാ...പക്ഷേ മത്തായി പോയില്ല മന്ദന്‍ മത്തായിക്ക്‌ ഒടുക്കത്തെ കമ്മിറ്റ്മെന്‍റ് .അതും നിരന്തരം പറഞ്ഞു പറ്റിക്കുന്ന കമ്പനി മുതലാളികളോട്...

എന്തൊക്കെയായാലും മത്തായി സ്നേഹമുല്ലവനാ കേട്ടോ...എന്തിനും ഒപ്പം നില്ക്കും..ദുശ്ശീലങ്ങളില് ഒന്നും ഇതുവരെ പെട്ടിട്ടില്ല...പാവം! ഒരുപാട് വെവലാതികളാ മനസ്സു മുഴുവന്‍ ...ആ...എന്നെങ്കിലും അവന്റെ മാവും പൂക്കുമായിരിക്കും...

മത്തായി യാത്ര തുടരുകയാണ്...ചുണ്ടില്‍ മന്ദത കലര്ന്ന ചിരിയുമായി......




( അറിഞ്ഞോ അറിയാതെയോ ഇതിലെ കഥാപാത്രങ്ങള്‍ ആരെയെങ്കിലുമായി സാമ്യമുണ്ടെങ്കില്‍ , വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ എല്ലാം ഒരു തമാശയായിക്കണ്ട് ക്ഷമിക്കണമെന്ന് അപേക്ഷിക്കുന്നു ...)

Wednesday, October 24, 2007

ഒരു എം സി എ ക്കാരന്റെ ആത്മഹത്യാകുറിപ്പ്

ഓ അപ്രിയ ലോകമേ!!
ഞാന്‍ നിന്നെ വിട്ട് അകലുകയാണ്. മരവിച്ച മനസ്സും പേറി ഇനിയും എത്ര നാള്‍ ? പരാജയങ്ങള്‍ ഒന്നിനു മീതെ ഒന്നായി കുമിഞ്ഞു കൂടുമ്പോളും വരാന്‍ പോകുന്ന വിജയത്തിന്റെ ഒരു നനുത്ത സ്പര്‍ശം ഞാന്‍ എവിടെയൊക്കെയോ അനുഭവിച്ചിരുന്നു. പക്ഷേ ഇന്ന് അതും തീര്‍ത്തും അന്യം...എന്റെ ചിന്തകളും, ആശങ്കകളും മോഹങ്ങളും എന്നെ എവിടേക്കോ വലിച്ചിഴക്കുകയാണ്. ഓരോ ദിവസവും കൊഴിഞ്ഞു തീരുമ്പോള്‍ എന്റെ മോഹങ്ങളുടെ ചിറകുകള്‍ക്കെണ്ണം കുറഞ്ഞു വരികയാണ്...ഞാന്‍ അശക്തനാവുകയാണ്. ഞാന്‍ ഇന്ന് വരെ എന്തെങ്കിലും നേടിയിട്ടുണ്ടെങ്കില്‍ അത് പലരുമായുള്ള സൌഹൃദം മാത്രമാണ്.

Life is nothing but, a celebration of events..അതെ! ജീവിതം എന്നത് ഒരുപാട് സംഭവ ബഹുലമാണ്, അതിന്റെയൊക്കെ ആഘോഷമാണ്. മനസ്സിന്റെ സന്തുലിതാവസ്ഥ നഷ്ടപ്പെടാതിരിക്കാന്‍ ഞാന്‍ ഒരുപാട് പാട് പെടുകയായിരുന്നു. ഈ നശിച്ച ജീവിതത്തെ ഞാന്‍ ഒരിക്കല്‍ പോലും സ്നേഹിച്ചിട്ടില്ല. ഞാന്‍ എപ്പോഴും പറയാറുണ്ട്, സ്വാദേറിയ ഭക്ഷണത്തേക്കാള്‍ ഞാന്‍ മരണത്തെ പുല്‍കാന്‍ കൊതിക്കുന്നു. ഇന്ന് ഞാന്‍ അത് പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുകയാണ്. പക്ഷേ ഞാന്‍ ഭയക്കുകയാണ്, എല്ലാം പരാജയം മാത്രമാകാറുള്ള എനിക്ക് ഇത് മറ്റൊരു വന്‍ പരാജയം ആകുമോ എന്ന്...

എന്റെയുള്ളില്‍ നീറുന്ന ചിന്തകള്‍ക്ക് വിരാമമിടാന്‍ സുഹൃത്തുക്കളുടെ ആശ്വാസ വചനങ്ങള്‍ക്കാവുന്നില്ല... ബന്ധുക്കളുടെ സാന്ത്വനങ്ങള്‍ക്കാവുന്നില്ല.. ഞാന്‍ എന്റെയുള്ളില്‍ ചങ്ങലക്കിട്ട, ഞാന്‍ തന്നെ നെയ്തെടുത്ത എന്റെ സ്വപ്‌നങ്ങള്‍ തിരക്ക് കൂട്ടുകയാണ്, അവര്‍ നിയന്ത്രണാതീതരാവുന്നതിന്ന് മുമ്പ് എനിക്ക് പോകണം, എന്നെന്നേക്കുമായി... ആദ്യമൊക്കെ വളരെ ലാഘവത്തോടെയുള്ള സമീപനമായിരുന്നു ജീവിതത്തോടെനിക്ക്..ഇന്ന് ഞാന്‍ തീര്ത്തും ബലഹീനനാണ്. ജീവിതത്തില്‍ നമ്മുടെ ആഗ്രഹങ്ങള്‍ക്കാണ് പ്രാധാന്യം. അതില്‍ ഒന്നു പോലും നിറവേറ്റാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെ What is the purpose of life?

പല നല്ല സുഹൃത്തുക്കളുടെയും സ്വഭാവ ഗുണദൂഷ്യങ്ങള്‍ മറ്റുള്ളവരുമായി വിശകലനം ചെയ്യുമ്പോള്‍ പലപ്പോഴും ഞാന്‍ എന്നെ മറക്കുകയായിരുന്നു. എന്റെ പരിമിതികളെ തിരിച്ചറിയാതെ പോവുകയായിരുന്നു . ഇന്ന് ഒരു വിഷാദ രോഗിയിലേക്കുള്ള യാത്രയിലാണ്. ഞാന്‍ കരയാതിരിക്കുന്ന രാത്രികളുടെ എണ്ണം വിരളമാവുകയാണ്. വളരെ വൈകിയെങ്കില്‍ കൂടിയും ഞാന്‍ എന്നോട് തന്നെ ചോദിക്കുകയാണ് " എന്റെ മേഖല ഇതായിരുന്നില്ലേ?? " പരാജയങ്ങള്‍ വിജയത്തിന്റെ ചവിട്ടുപടികളാണെന്നു അഭിമുഖങ്ങളില്‍ പറയാനുചിതം പക്ഷേ പ്രാവര്‍ത്തികമാക്കാന്‍ ഇത്തിരി പാടുപെടും.

ഇനി എന്നെ മാറ്റിയെടുത്ത ചില സംഭവങ്ങളിലേക്കുള്ള ഒരു എത്തിനോട്ടമാവാം...ഞാന്‍ ഒരിക്കലും മാറാന്‍ പാടില്ലായിരുന്നു..ആരുടെയും നിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങരുതായിരുന്നു...ഞാന്‍ എന്നെ തന്നെ നശിപ്പിക്കുകയായിരുന്നു..MCA ക്ക് ചേരുന്നതിന്നു മുമ്പ് സിഗരറ്റ്‌ന്റെയും മദ്യത്തിന്റെയും രുചി ഞാന്‍ അറിഞ്ഞിരുന്നില്ല. ആ...എനിക്കറിയില്ല...ഇതൊന്നും എന്റെ ഏറ്റുപറച്ചിലുകളല്ല...ആരെയെങ്കിലും ഞാനിവിടെ പരോക്ഷമായി പ്രതിപാദിച്ചിട്ടുണ്ടെങ്കില്‍ അവര്‍ ഒന്നു മനസ്സിലാക്കുക, ഞാന്‍ നിങ്ങളെ വെറുത്തിട്ടില്ല...സ്നേഹിച്ചിട്ടെ ഉള്ളു ...

ഈ അവസരത്തില്‍ ചെഗുവേരയുടെ വാക്യം ഞാന്‍ ഈ ലോകത്തെ ഒര്മിപ്പിക്കുകയാണ് "പരാജിതനായി ജീവിക്കുന്നതിനേക്കാള്‍ ഭേദം മരണമാണ് "

എന്റെ നാക്കിനും എന്റെ സുഹൃത്തുക്കളുടെ കാതുകള്‍ക്കും സുപരിചിതമായ വാക്യമാണ് " Money manipulates every things" ശരിയല്ലേ?? ഒരു പരിധിവരെ...എന്റെ ശരീരത്തിന്റെയെന്നപോലെ മനസ്സിന്റെ ബാലന്സും തെറ്റി നില്‍ക്കുകയാണ്‌. എന്റെ ഹൃദയമിടിപ്പ്‌ കൂടി കൂടി വരികയാണ്. ആകസ്മികമായ നിമിഷങ്ങളെ ഓര്‍ത്തല്ല ...മറിച്ച് ഞാനില്ലാത്ത എന്റെ വീട് ഓര്‍ത്തതാണ്.

എന്റേത്‌ വികലവും അര്‍ത്ഥശൂന്യവുമായ ചിന്തകളാണെന്ന് സമ്മതിക്കുന്നു. പക്ഷേ കാലത്തിന്റെ കുത്തൊഴുക്കിന് മുന്നില്‍ എനിക്ക് വേറെ വഴികളില്ല...ആദ്യം ഞാന്‍ വേദനയില്ലാത്ത മരണത്തെ തേടി...ഇന്നെനിക്ക് ഒന്നും തടസമല്ല...കുറച്ച് നിമിഷത്തേക്ക് എത്ര കടുത്ത വേദന അനുഭവിക്കുവാനും ഞാന്‍ സജ്ജനായി കഴിഞ്ഞു. വേര്‍പ്പാട് എന്നും അരോചകമാണ്, ദുഃഖദായകമാണ്...പുനര്‍ജന്മത്തില്‍
തെല്ലുപോലും വിശ്വസിക്കാത്ത എനിക്ക് ഇനിയൊരു സുന്ദരജീവിതത്തെ പ്രതീക്ഷിക്കാന്‍ വകയില്ല...A real life should be tension free, beautiful and enjoyable.ഇതെന്റെ ഭീരുത്വമാണ് , ജീവിതത്തോട് പൊരുതാനുള്ള വൈമനസ്സ്യം...

എന്റെ ഓര്‍മ്മകള്‍ , മണ്ണോട് ചേരാന്‍ വിസമ്മതിക്കുന്ന എല്ലിന്‍ കഷ്ണങ്ങള്‍ പോലെയാണ്...അല്പം ദ്രവിച്ചിട്ടുണ്ടെങ്കിലും പൂര്‍ണ്ണമായി മായാന്‍ ഇനിയും സമയം എടുക്കും...

ഇനി ക്ഷമാപണമാകാം...അപ്രസക്തമാണെങ്കില്‍കൂടിയും ഈ വൈകിയ വേളയുടെ അനിവാര്യതയായി ഞാന്‍ കണക്കാക്കുന്നു . ആദ്യമായി എനിക്ക് ജന്മം തന്ന എന്റെ അമ്മയോടാവട്ടെ..."പൊറുക്കുക അമ്മേ....മനസ്സിന്റെ താളം തെറ്റിത്തുടങ്ങി..ഇനിയും വയ്യ..അമ്മ പറയാറുണ്ടല്ലോ? എന്റെ നാല് മക്കളില്‍ എന്നെ ഏറ്റവും കുറവ് ബുദ്ധിമുട്ടിച്ചത് നീയാണെന്ന്...ഈ നിമിഷം ഞാന്‍ അല്പം ക്രൂരനാവുകയാണ്..സാഹചര്യം എന്നെ അങ്ങനെ ആക്കിതീര്‍ക്കുകയായിരുന്നു. ഒന്നും വേണ്ടായിരുന്നു. പഠനമേ വേണ്ടായിരുന്നു..എന്റെ മോഹങ്ങള്‍ ഞാന്‍ അമ്മയുമായി പങ്കുവെക്കാറുണ്ടല്ലോ? അതൊക്കെ സാധിച്ചു തരാന്‍ ഞാനിന്ന് കഴിവ് കേട്ടവനാണ്...എന്നെ എന്തൊക്കെയോ ആയിക്കാണാന്‍ കൊതിച്ച അച്ഛനോടും ക്ഷമ! " എന്നെ സ്നേഹിക്കുന്ന എല്ലാവരുമായി ഞാനെന്റെ ക്ഷമ പങ്കിടുകയാണ്...ആരും ഒന്നിലും പ്രതീക്ഷ വച്ച് പുലര്‍ത്തരുത്...എല്ലാം അതിന്റേതായ രീതിയില്‍ വിടുക...ആഗ്രഹങ്ങള്‍ കിട്ടാക്കനിയാവുമ്പോള്‍ ശരിക്കും മടുക്കും..ഞാനൊരു ഉത്തമ ഉദാഹരണമാണ്.

പലരുടേയും പുസ്തകങ്ങള്‍ ഞാന്‍ വായിച്ചിട്ടുണ്ട്. അവര്‍ പറയുന്ന കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുമുണ്ട്‌... പക്ഷേ കഴിഞ്ഞില്ല എന്നുള്ളതാണ് വാസ്തവം.

മരണത്തിന്റെ മുഖം ക്രൂരവും വികൃതവുമാണ്.അതിനോടടുക്കുന്നവര്‍ക്ക് അത് വ്യക്തമായി കാണാം..വിളിച്ചു വരുത്തിയതാണെങ്കില്‍ കൂടി അവന്റെ ഭാവങ്ങള്‍ക്ക് മാറ്റമില്ല...തീര്‍ത്തും നിര്‍വികാരന്‍...എന്റെ ആത്മമിത്രങ്ങളേ ഞാന്‍ നിങ്ങളിലൂടെ ജീവിക്കില്ലേ??എന്റെ ഈ കൃത്യത്തിന്ന് എന്നോട് മാപ്പു തരിക...ഒന്നു ഞാന്‍ മനസ്സിലാക്കി, ബന്ധങ്ങള്‍ ഒരിക്കലും ബന്ധനങ്ങളല്ല. അവ പവിത്രമായ അനുഭൂതിയാണ്‌.

എനിക്ക് സമയമായിത്തുടങ്ങി...ഞാന്‍ ചലിക്കട്ടെ, എന്റെ തനിച്ചുള്ള ലോകത്തേക്ക്...ഞാന്‍ ഒന്നും കൊണ്ടുപോകുന്നില്ല...എന്റെ സാക്ഷാല്‍ക്കരിക്കാത്ത സ്വപ്‌നങ്ങള്‍ ഒഴികെ...

എന്റെ ഈ പ്രവര്‍ത്തിക്ക് ഞാന്‍ സമൂഹത്തെ പഴിക്കുന്നില്ല, സുഹൃത്തുക്കള്‍ ഉത്തരവാദികളല്ല, എന്റെ ബന്ധുക്കളും കാരണക്കാരല്ല, മറിച്ച് എന്റെ മനസ്സില്‍ ഉള്‍ത്തിരിഞ്ഞ , ചില സാഹചര്യങ്ങള്‍ തിരികൊളുത്തിയ അരുതാത്ത ചിന്തകളാണ്...

നിങ്ങള്‍ക്ക് ഒരിക്കല്‍ക്കൂടി വിട...........
എല്ലാവര്ക്കും നന്മകള്‍ മാത്രം നേരുന്നു......
സ്നേഹപൂര്ര്‍വ്വം

പ്രിയ കൂട്ടുകാരന്‍

Wednesday, October 3, 2007

ഷിനോജ്‌ പിടിച്ച പുലിവാല്

ഒരുദിവസം ഞാനും ഷിനോജും ഭരതനും കൂടി കോട്ടയത്ത്‌ നിന്നും നെടുംകുഴിയിലേക്ക് വരികയാണ്‌ . ബസ്സില്‍ സാമാന്യം തിരക്കുണ്ട്. ഞങ്ങള്‍ ബസ്സിലെ കളേഴ്‌സിനെ ഒക്കെ നോക്കി അങ്ങനെ സുഖിച്ചു വരികയാണ്‌.

ബസ്സ് നെടുംകുഴിയില്‍ എത്താന്‍ നേരത്ത് ഷിനോജ്‌ കണ്ടക്ടരുമായി ഒരു അഭിപ്രായ വ്യത്യാസം ഉള്ളത് പോലെ എനിക്കു തോന്നി .അടുത്തു ചെന്നു നോക്കുമ്പോളല്ലേ സംഗതി പിടികിട്ടിയത് .അവന്റെ പേഴ്സ് കാണാനില്ല ..ഇതു കേട്ട ഭരതന്‍ ബസ്സ് പോലീസ് സ്റ്റേഷനിലേക്ക്‌ കൊണ്ട് പോകണമെന്നു പറഞ്ഞു .സമയമില്ലെന്നു ബസ്സ് ജീവനക്കാരും .ഭരതന്‍ വെളിച്ചപ്പാട് ഉറഞ്ഞുതുള്ളുന്നതുപോലെ കണ്ടക്ടരുമായി ചൂടാവാന്‍ തുടങ്ങി . ഞങ്ങളും കുറച്ചു യാത്രക്കാരും ഭരതന്റെ കൂടെ ചെര്ന്നത്തോടെ അവന്റെ കണ്ടക്ടറുമായുള്ള സംസാരം ഒന്നുകൂടി ഉച്ചത്തിലായി.

കണ്ടക്ടരുമായി എന്തോ മുന്വൈരാഗ്യം മുന്‍വൈരാഗ്യം ഉള്ളത് പോലെ ഭരതന്‍ നല്ല ചൂടിലാണ് . അപ്പോളേക്കും നെടുംകുഴിയിലുള്ള ഓട്ടോ ഡ്രൈവര്‍മാരും സംഭവം അറിഞ്ഞു ...അവരും ബസ്സ് പോലീസ് സ്റ്റേഷനിലേക്ക്‌ കൊണ്ട് പോകണമെന്നു പറഞ്ഞു . അവസാനം ബസ്സ് പോലീസ് സ്റ്റേഷനിലേക്ക്‌ തിരിച്ചു. പോലീസ് സ്റ്റേഷനിലേക്ക്‌ എത്തുന്നതിന് മുന്‍പ് പാമ്പാടി എന്ന ഒരു സ്റ്റോപ്പ് ഉണ്ട്. അവിടെ എത്തുന്നതിന് മുന്‍പ് ഷിനോജിന് എന്തോ ഒരു ഭയം പോലെ .. അവന്‍ ബസ്സില്‍ നിന്ന് പരുങ്ങുന്നു ,വിയര്‍ക്കുന്നു..ഒരുമാതിരി സൈക്കിളില്‍ നിന്നും വീണ ചിരി ..എനിക്കെന്തോ ഒരു പന്തികേട്‌ തോന്നിത്തുടങ്ങി . ഇവനെന്തു കോപ്പാ ഈ കാണിക്കുന്നെ എന്നു വിചാരിച്ചു ഞാന്‍ അവന്റെ അടുത്തേക്ക് നീങ്ങി . പെട്ടെന്ന് ഞാന്‍ അടിമുടി സ്തംഭിച്ചു പോയി .. അവന്റെ പേഴ്സ് ഷര്‍ട്ട് പോക്കറ്റില്‍ തന്നെ ഉണ്ടല്ലോ ? പിന്നെ ഏതു പേഴ്സ് ആണ് അവന്‍ പോയി എന്നു പറയുന്നത് ? ഒരുപാട് ചോദ്യങ്ങള്‍ എന്റെ മനസ്സില്‍ പൊങ്ങി വന്നു . ഞാന്‍ അകെ തരിച്ചു പോയി . പോലീസ് അറിഞ്ഞാല്‍ ഞങ്ങള്‍ മൂന്നു പേര്‍ക്കും നല്ല അടി ഉറപ്പാണ് . അതിന്നു മുന്‍പേ വേറെ വല്ലവരും അതു കണ്ടാലോ , അപ്പോളും അടി ഉറപ്പ് . എങ്ങിനെയായാലും അടി കിട്ടും അമ്മാതിരി പുകിലല്ലേ ഞങ്ങള്‍ ഇതിന്നുവേണ്ടി ഉണ്ടാക്കിയിരിക്കുന്നത് .


ഭരതന്‍ ഇതൊന്നും ഇപ്പോളും അറിഞ്ഞിട്ടില്ല .അവന്‍ ഇപ്പോളും ബസ്സിന്റെ ഒരറ്റത്ത് കണ്ടക്ടറുമായുള്ള തര്‍ക്കത്തിലാണ്‌. അവനെ എങ്ങിനെ ഇക്കാര്യമറിയിക്കും എന്ന ചിന്തയില്‍ ഞാന്‍ എന്റെ ബുദ്ധിയെ തലങ്ങും വിലങ്ങും ചിന്തിയ്ക്കാന്‍ വിട്ടു . ഒരു രക്ഷയുമില്ല . അവനോട് സ്വകാര്യമായി എന്തു പറഞ്ഞാലും ആളുകള്‍ സംശയിക്കും .

അവസാനം "നിങ്ങള്‍ക്ക് അത്ര സമയം ഇല്ലെങ്കില്‍ പോകേണ്ട ആ പേഴ്സില്‍ ആകെ നൂറു രൂപാ മാത്രമേ ഉള്ളു .അതുപോകുന്നെന്കില്‍ ‍പോട്ടെ" എന്നു പറഞ്ഞുകൊണ്ട് ഞങ്ങള്‍ തന്നെ ബെല്‍ അടിച്ചു ബസ്സ് നിര്‍ത്തിച്ചു . അപ്പോളും ഭരതന്‍ ഇറങ്ങാന്‍ സമ്മതിക്കുന്നില്ല . ഞങള്‍ അവനെ വലിച്ചിറക്കി . എന്തു പോട്ടന്മാരാണ് ഇവര്‍ എന്ന നിലയിലായിരുന്നു അപ്പോള്‍ അവന്‍ ഞങ്ങളുടെ നേരെ നോക്കിയത്‌.ബസ്സ് നിര്‍ത്തിയതും ഭരതനെയും പിടിച്ചു ഞങ്ങള്‍ മോന്നോട്ട് ഓടി . കുറച്ചങ്ങുമാറിനിന്ന് ഞങ്ങള്‍ അവനോട് സത്യാവസ്ഥ തുറന്നു പറഞ്ഞു .


സംഭവിച്ചത് ഇതായിരുന്നു " എന്നും പാന്റ്സ് പോക്കറ്റില്‍ പേഴ്സ് സൂക്ഷിക്കാറുള്ള ഷിനോജ്‌ ഇന്ന് അറിയാതെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ പേഴ്സ് വെച്ചു . നെടുംകുഴിയില്‍ ഇറങ്ങാന്‍ നേരത്ത് അവന്‍ പാന്റ്സ് പോക്കറ്റ് മാത്രമേ നോക്കിയൊള്ളു .അവിടെ ഇല്ലെന്ന് കണ്ട ഉടന്‍ തന്നെ ബഹളം വെച്ചു കാര്യങ്ങല്‍ പ്രശ്നമാക്കുവായിരുന്നു.പിന്നെ ഭരതന്‍ ഉണ്ടല്ലോ എന്തു കാര്യം കിട്ടിയാലും ഓവര്‍ ആക്കാന്‍ " .എല്ലാം കേട്ട ഭരതന്‍ ‍ വാ പൊളിച്ചു കുറച്ചു നേരം നിന്നുപോയി ... ദൈവമേ ഒരടിയില്‍ നിന്നും രക്ഷപ്പെട്ടു, അടി പോയ പോക്കേ !!! അപ്പോളും ഷിനോജിന്റെ വിറയല്‍ മാറിയിരുന്നില്ല...അവന്‍ ആലിലപോലെ വിറക്കുന്നുണ്ടായിരുന്നു

Friday, September 28, 2007

ഹോസ്റ്റലിലെ ചാത്തനേറ്

ഞാന് MCA പഠിക്കുന്ന കാലം... എന്റെ ഹോസ്റ്റല് ഒരു റബ്ബര് കാട്ടിലെ കുന്നിന് മുകളിലായിരുന്നു .അടുത്തെങ്ങും ഒരു വീടുപോലും ഇല്ല .ഹോസ്റ്റലില് എന്തു സംഭവിച്ചാലും ആരും അറിയില്ല .പിന്നെ ഹോസ്റ്റെലിനെ പറ്റി ഒരുപാട് പേടിപ്പിക്കുന്ന കഥകളും ഉണ്ട് . അവിടെ കുറേ ദുര്‍മരണങ്ങള്‍ നടന്നിട്ടുണ്ടെന്നും മറ്റും അന്നാട്ടുകാര്‍ പറഞ്ഞു കേട്ടിട്ടുണ്ട് . അതുകൊണ്ട് തന്നെ ഞങ്ങള്‍ അതിന്നു GHOST HOUSE എന്നു പേരിട്ടു.

അന്ന് ഞാന്‍ ഒരാഴ്ച വീട്ടില് അടിച്ചുപൊളിച്ചു ഹോസ്റ്റലില് തിരിച്ചെത്തിയ ദിവസമായിരുന്നു. വൈകുന്നേരം സേവ്യര്‍ മുടി വെട്ടാന് പോകണം എന്നു പറഞ്ഞു പുറത്തിറങ്ങി.ഇത് കേട്ട ഞാനും വിജയനും ക്സേവ്യരിനെ തടഞ്ഞു നിര്ത്തി പറഞ്ഞു " നിന്റെ മുടി ഞങ്ങള് അടിപൊളിയായി വെട്ടി തരാമെടാ , നി കാശ് ഒന്നും തരണ്ട " .എന്നാലും സേവ്യരിനു ഒരു പന്തിയില്ലായ്മ .. അതുമനസ്സിലാക്കിയ ഞങ്ങള്‍ ഒരുപടി മുന്നോട്ടു കടന്നു പറഞ്ഞു " നമ്മളൊക്കെ ഒന്നല്ലെടാ...അന്റെ തല ഞമ്മള് കോളമാക്കുമോടാ ? " ആ വാക്കില്‍ പാവം സേവ്യി വീണു പോയി . അവന് സമ്മതിച്ചു ഞങ്ങളാണൈങ്കില് ഒരു തല വെട്ടി പഠിക്കാന് കിട്ടിയല്ലോ എന്ന സന്തോഷത്തിലായിരുന്നു .

ആദ്യം ഞാന് മുടി വെട്ടി തുടങ്ങി കണ്ണാടി സേവ്യരിന്റെ കയ്യില് നിന്നും ഞാന് വാങ്ങി വെച്ചു, കാരണം മുടി വെട്ടുന്നത് എങ്ങിനെയൊക്കെയാണെന്ന് അവന് കാണരുതല്ലോ ... കണ്ടാല് എണീറ്റു ഓടും അവന് . ഒരു സൈഡ് മൊത്തം ഞാന് കൊളമാക്കി കൊടുത്തിട്ട് ഞാന് പറഞ്ഞു "അടിപോളിയയിട്ടുണ്ട് ഇനി ബാക്കി വിജയന് വെട്ടിതരും".പിന്നെ വിജയന്റെ ഊഴമായി ... അവനും അവന്റെ കഴിവിന്റെ പരമാവധി സേവ്യരിന്റെ തല കൊളമാക്കികൊടുത്തു . എല്ലാം കഴിഞ്ഞപ്പോള് സേവ്യര്‍ കണ്ണാടി എടുത്തു ഒന്നേ നോക്കിയൊള്ളു . പിന്നെ ഞങ്ങളുടെ നേരെ ഒരു ഓട്ടമായിരുന്നു . എടാ തെണ്ടികളെ നിങ്ങളെ ഞാന് ....എന്നും പറഞ്ഞുകൊണ്ട് അടുത്തു വന്നു .ഞങ്ങള് ഓടി രക്ഷപ്പെടാനുള്ള ഒരു ശ്രമാമോക്കെ നടത്തിയെന്കിലും വിജയിച്ചില്ല . അവസാനം ഞങ്ങള് ഒരു ഒത്തുതീര്പ്പിലെത്തി അവന്റെ തല ഞങ്ങള് തന്നെ മോട്ടയടിച്ചു കൊള്ളാമെന്നും അവന് കമ്പനിക്കായി ഞങ്ങള് രണ്ടു പേരും കൂടെ മോട്ടയടിച്ചു കൊള്ളാമെന്നുമുള്ള വ്യവസ്ഥയില് അവന് ഞങ്ങള് ജീവനോടെ വിട്ടു എന്നു പറഞാല് മതിയല്ലോ ...


അങ്ങനെ ഞങ്ങള് മൂന്നു പേരും ഹോസ്റ്റലില് മൊട്ടകളായി... അന്ന് രാത്രി മുതല് ഹോസ്റ്റലില് ചാത്തനേറ് തുടങ്ങി.പാത്രങ്ങള്‍ വായുവില് താനേ വീഴുക,രാത്രിയില്‍ ചിലങ്കയുടെ ശബ്ദം കേള്‍ക്കുക , കസേരകള്‍ തനിയെ ആടുക ,കറന്റ് പോകുന്ന സമയത്ത് കിണരിന്നു സമീപത്തുകൂടെ ഒരു വെള്ള വേഷമണിഞ്ഞ പ്രേതം ഓടികളിക്കുക . നമ്മള് അടുത്തെത്തുമ്പോള് അതു ഇരുളില് മറയും.ഇതൊക്കെയായിരുന്നു പ്രധാന ചാത്തന്‍ കളികള്‍ .

കൂടുതലായും ചാത്തന് എന്നെയായിരുന്നു ലക്ഷ്യമിട്ടുരുന്നത് എന്നു തോനുന്നു . കാരണം ഞാനുള്ള റൂമില് ആകും മിക്കവാറും ചാത്തന്റെ കളികള് .. വായുവില്നിന്നും കല്ലു വീഴുന്നതായിരുന്നു എനിക്കു ഏറ്റവും പേടി. ആ കല്ലു എന്റെ മൊട്ടത്തലയില് വീണു വല്ല മുറിവും പറ്റിയാലോ ... പേടികാരണം തലയില് ഒരു തലയിണയും പിടിച്ചു കോണ്ടായി ഹോസ്റ്റലില് പിന്നീട് എന്റെ നടത്തം ..രാത്രി ഒറ്റയ്ക്ക് നടക്കാന് പോലും പേടിയായി തുടങ്ങി .

ഇതിന്നിടയില്‍ രണ്ടു ദിവസത്തെ അവധിക്കു ഞാന്‍ അമ്മാവന്റെ കൊച്ചിയിലുള്ള ഐസ് ഫാക്ടറിയില്‍ പോയി. ഈ കാര്യത്തെ കുറിച്ച് ഞാന്‍ അമ്മാവനോട് ചുമ്മാ ഒന്നു സൂചിപ്പിച്ചു . "ഏതു ചാത്തനായാലും ഹോസ്റെലിനു പുറത്തുല്ലവനല്ല " എന്നു അമ്മാവന്‍ പറഞ്ഞു . അല്ലെങ്കിലേ എനിക്കു ചിലരെയൊക്കെ സംശയം ഉണ്ടായിരുന്നു ഇതുകൂടി കേട്ടപ്പോള്‍ എനിക്കു പല സംശയങ്ങളും വന്നു തുടങ്ങി ..ഇവന്മാര് എനിക്കിട്ടു പണിയുകയാണോ?.. എന്റെ കൂട്ടുകാര് തന്നെയല്ലേ ചാത്തന്മാര് എന്നൊരു തോന്നല് ..


ആരായാലും ഒരാഴ്ചയോളം എന്നെ പരമാവധി പേടിപ്പിച്ചു ചാത്തന്മാര് .. അവസാനം എനിക്കു മനസ്സിലാവുകയും അവര് കുറ്റസമ്മതം നടത്തുകയും ചെയ്തു. ഞാന് വീട്ടില് പോയ സമയത്ത് എല്ലാവരുംകൂടി പ്ലാന് ചെയ്തു വെച്ചിരിക്കുകയായിരുന്നു എന്നെ പേടിപ്പിക്കാന് . എന്തായാലും ആ സംഭവത്തിനു ശേഷം എനിക്കു ശരിക്കുള്ള ചാത്തനെ പോലും പേടിയില്ലതെയായി . ഏതു പാതിരാത്രിയിലും ഞാന് ഒറ്റയ്ക്ക് ഹോസ്റ്റലിലേക്ക് കയറി വരും എന്ന സ്ഥിതി ആയി . സേവ്യര്‍ ചാത്താ എന്നിലെ പേടി മാറ്റിയതിന് ഒരായിരം നന്ദി ....